അറഫാ ദിനത്തിൻ്റെ ശ്രേഷ്‌ഠത

img

അബ്ബാസ് ബ്‌നു മിർസാദ്( റ )പറയുന്നു:
നബി( സ ) തങ്ങൾ അറഫാ രാത്രിയിൽ അല്ലാഹുവിൻ്റെ റഹ്‌മത്തിന്ന് വേണ്ടിയും ഉമ്മത്തിൻ്റെ പാപമോചനത്തിന് വേണ്ടിയും പ്രാർത്ഥിച്ചു.
അല്ലാഹു മറുപടി നൽകി: നബിയേ, എൻ്റേയും അവരുടേയും ഇടയിലുള്ളതെല്ലാം ഞാൻ മാപ്പാക്കിയിരിക്കുന്നു.

തങ്ങൾ വീണ്ടും ചോദിച്ചു: അല്ലാഹുവേ, മർദ്ദിതന്ന് നന്മ നൽകുവാനും ആക്രമിക്ക് പൊറുത്തു കൊടുക്കുവാനും കഴിവുള്ളവനല്ലേ നീ. അന്ന് രാത്രി തങ്ങൾക്ക് അതിന്ന് പ്രത്യുത്തരം ലഭിച്ചില്ല. അടുത്ത ദിവസം മുസ്‌ദലിഫയിൽ വെച്ച് തങ്ങൾ ഈ പ്രാർത്ഥന ആവർത്തിച്ചു.

അതിന് അല്ലാഹു പ്രത്യുത്തരം നൽകി: നബിയേ, അവർക്കും ഞാൻ പൊറുത്ത് കൊടുത്തിരിക്കുന്നു. ( ഗുൻയത്ത് 1-58 )

ഇബ്‌നു ഉമർ( റ ) വിൽ നിന്ന് നിവേദനം: അറഫാ ദിനത്തിൽ തൻ്റെ അടിമകളിലേക്ക് അല്ലാഹു നോക്കും. അണുമണിത്തൂക്കം ഹൃദയത്തിൽ ഈമാനുള്ളവന് അല്ലാഹു പൊറുത്ത് കൊടുക്കും.

നാഫിഅ( റ ) പറയുന്നു: ഞാനിത് കേട്ടപ്പോൾ ഇബ്‌നു ഉമർ( റ ) വിനോട്‌ ചോദിച്ചു: ഇത് മുഴുവൻ ജനങ്ങൾക്കുമുള്ളതാണോ, അതല്ല അറഫയിൽ സംഗമിച്ചവർക്ക് മാത്രമുള്ളതാണോ? ജനങ്ങൾക്ക് മുഴുവൻ പൊറുത്തു കൊടുക്കുന്നതാണെന്ന് ഇബ്‌നു ഉമർ( റ ) പ്രതിവചിച്ചു. ( ഗുൻയത്ത് 2-56 )

സഈദ്ബ്‌നു ജുബൈർ( റ ) പറയുന്നു:
നബി( സ ) അറഫാ മൈതാനിയിലായിരിക്കെ ജിബ്‌രീൽ( അ ) ഇറങ്ങി വന്നു. നബിയേ, അങ്ങയോട് അല്ലാഹു സലാം പറഞ്ഞിരിക്കുന്നു: ഇക്കൂട്ടർ എൻ്റെ കഅബ ത്വവാഫ് ചെയ്യാൻ വന്നവരാണെന്നും എൻ്റെ സന്ദർശകരാണെന്നും ആതിഥേയർ സന്ദർശകരെ ആദരിക്കാൻ കടപ്പെട്ടത് പോലെ നബിയേ അങ്ങയെ സാക്ഷിയാക്കി, മലക്കുകളെ സാക്ഷിയാക്കി ഞാനവർക്ക് മുഴുവൻ മാപ്പ് നൽകിയിരിക്കുന്നു. (ഗുൻയത്ത് 2-59 )

This div height required for enabling the sticky sidebar