അറഫ എന്ന നാമം

img

കഅബ നിർമ്മാണ ശേഷം അറഫയിലേക്ക് യാത്ര തിരിക്കാൻ ഇബ്‌റാഹീം നബി( അ ) നോട് അല്ലാഹു ആവശ്യപ്പെട്ടു. ആ സ്ഥലത്തെക്കുറിച്ചുള്ള വിവരണം അല്ലാഹു മഹാനവർകൾക്ക് പറഞ്ഞു കൊടുത്തു.

അങ്ങനെ മൂന്നാമത്തെ ജംറയായ ജംറത്തുൽ അഖബയുടെ അടുത്തെത്തിയപ്പോൾ മഹാനവർകളെ വഴിതെറ്റിക്കാൻ പിശാച് അവിടെ വന്ന് നിന്നു. അവനെ കണ്ടയുടൻ ഇബ്‌റാഹീം നബി( അ ) ഏഴ് തവണ അവന് നേരെ കല്ലെറിഞ്ഞു. ഓരോ തവണയും തക്ബീർ ചൊല്ലുകയും ചെയ്‌തു. ഉടനെ പിശാച് അവിടെ നിന്നും ഓടിയകന്നു.

ഇബ്‌റാഹീം നബി( അ ) പിന്നേയും മുന്നോട്ട് നടന്നു. അപ്പോഴതാ പിശാച് രണ്ടാം ജംറയുടെ അടുത്ത് നിൽക്കുന്നു. അവനെ കണ്ടയുടനെ മഹാനവർകൾ മുമ്പത്തെപ്പോലെ തക്ബീർ മുഴക്കി. ശേഷം ഏഴ് തവണ കല്ലെറിഞ്ഞു.

പിശാച് അവിടെ നിന്നും ഓടി മറഞ്ഞു. എന്നിട്ട് ഒന്നാം ജംറയുടെ അടുത്ത് വന്നു നിന്നു. മഹാനവർകൾ വീണ്ടുമവനെ ആട്ടിപ്പായിച്ചു. ഇബ്‌റാഹീം നബി( അ ) മിനെ പിഴപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പിശാച് ആ ഉദ്യമത്തിൽ നിന്ന് പിന്മാറി.
 
തുടർന്ന് മഹാനവർകൾ ദുൽ മജാസ് എന്ന സ്ഥലത്തെത്തി. അല്ലാഹു വിവരിച്ച് കൊടുത്ത സ്ഥലമല്ലെന്ന് മനസ്സിലായപ്പോൾ മഹാനവർകൾ അവിടം വിട്ട് നടന്നു. അക്കാരണം കൊണ്ട് തന്നെ ആ സ്ഥലത്തിന്ന് ദുൽ മജാസ് ( വിട്ട് കടന്ന സ്ഥലം ) എന്ന പേര് വന്നു ചേർന്നു.

വീണ്ടും മുന്നോട്ട് സഞ്ചരിച്ച മഹാനവർകൾ പരിചിതമായ ഒരു സ്ഥലത്തെത്തി. അല്ലാഹു വിവരിച്ച് നൽകിയ പ്രത്യേകതകളും അടയാളങ്ങളുമെല്ലാം അതിനുണ്ടായിരുന്നു. മഹാനവർകൾക്ക് ആ സ്ഥലം മനസ്സിലായി. അങ്ങനെയാണ് അറഫ( മനസ്സിലായി ) എന്ന നാമത്തിൽ ആ സ്ഥലം അറിയപ്പെടാൻ തുടങ്ങിയത്. ആ ദിനത്തിന് അറഫാ ദിനമെന്ന പേര് വരികയും ചെയ്‌തു.( ഗുൻയതുത്താലിബിൻ 2 / 34 )

This div height required for enabling the sticky sidebar