ദുൽഹജ്ജ് മാസം

img

ത്യാഗോജ്ജ്വലമായ ചരിത്രത്തിൻ്റെ ഓർമ്മപ്പെടുത്തലുകളുമായി വീണ്ടുമൊരു ദുൽഹജ്ജ് മാസം നമ്മെ തേടിയെത്തുകയാണ്. ഹസ്രത്ത് ഇബ്‌റാഹീം നബി( അ ) മിൻ്റെയും പ്രിയ പത്നി ഹാജറാ ബീവി( റ ) യുടേയും മകൻ ഹസ്രത്ത് ഇസ്‌മാഈൽ നബി( അ ) മിൻ്റെയും ത്യാഗ നിർഭരമായ ജീവിതമാണ് ദുൽഹജ്ജ് അനുസ്‌മരിക്കുന്നത്.

ഈ മഹത്തുക്കളുടെ ജീവിതത്തിൻ്റെ അടയാളപ്പെടുത്തലാണ് ദുൽഹജ്ജ് മാസത്തിൽ ഹാജിമാർ മക്കയിൽ നിർവ്വഹിക്കുന്നത്. ഹജ്ജിൻ്റെ കർമ്മങ്ങളഖിലം ഈ മൂന്ന് മഹദ്‌വ്യക്തിത്വങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മരുഭൂമിയുടെ മാറിടത്തിൽ പൊട്ടിയൊഴുകിയ അത്ഭുത നീരുറവയായ സംസമിൻ്റെ കഥയും ദുൽഹജ്ജ് നമുക്ക് പറഞ്ഞു തരുന്നു.

സ്വന്തം മകനെ ബലിയറുക്കാൻ ഒരു പിതാവ് കാണിച്ച അസാമാന്യ ധൈര്യത്തിൻ്റെ വിളംബരമാണ് ഉള്ഹിയ്യത്ത് കർമ്മം ഓർമ്മപ്പെടുത്തുന്നത്.
 
അല്ലാഹുവിൻ്റെ കൽപന ശിരസ്സാ വഹിക്കാൻ തൻ്റെ പിതാവിനോട് ആവശ്യപ്പെട്ട് സ്വന്തം കഴുത്ത് നീട്ടികൊടുത്ത.കുഞ്ഞു മകനായ ഇസ്‌മാഈൽ( അ ) മിൻ്റെ അതുല്യമായ വ്യക്തിത്വവും ഉളുഹിയ്യത്ത് വിളിച്ചു പറയുന്നു.

പൈശാചിക പ്രേരണകളെ ശക്തിയുക്തം എതിർത്ത് തോൽപ്പിച്ച്, തന്നെ അല്ലാഹുവിൻ്റെ കൽപ്പനയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ എറിഞ്ഞാട്ടിയ ഈമാനിൻ്റെ വിളംബരമാണ് ജംറകളിൽ കല്ലെറിയുന്നതിലൂടെ നാം ആവർത്തിക്കുന്നത്.

ചരിത്രത്തിലെ വിശുദ്ധ വ്യക്തിത്വങ്ങളെ അനുസ്‌മരിക്കുന്നതോടൊപ്പം അവരുടെ പുണ്യ പാതയിൽ ജീവിതം ചിട്ടപ്പെടുത്താൻ നാം ശ്രദ്ധിക്കുക. അതാവട്ടെ ഈ ബലിപെരുന്നാളിൻ്റെ സന്ദേശം.

This div height required for enabling the sticky sidebar