ഈദ് മുബാറക്

img

നബി( സ ) തങ്ങൾ പറയുന്നു: “പെരുന്നാൾ ദിവസത്തിൽ സൽ പ്രവർത്തനങ്ങൾ, സക്കാത്ത്, സ്വദഖ, തസ്ബീഹ്, തക്ബീർ എന്നിവ കൊണ്ട് നിങ്ങൾ പരിശ്രമിക്കുക. കാരണം അന്നത്തെ ദിവസം അല്ലാഹു നിങ്ങൾക്ക് പാപങ്ങൾ പൊറുത്തു തരികയും നിങ്ങളുടെ ദുആ സ്വീകരിക്കുകയും നിങ്ങളിലേക്ക് അവൻ്റെ കാരുണ്യത്തിൻ്റെ നോട്ടമയക്കുകയും ചെയ്യുന്നതാണ്.”

പെരുന്നാൾ ദിനത്തിൽ നന്മകൾ അധികരിപ്പിക്കുകയും അതിലൂടെ അല്ലാഹുവിൻ്റെ തൃപ്‌തി കരസ്ഥമാക്കാനും നാം ശ്രമിക്കണം.

കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തിയും സഹോദരൻമാരോടുള്ള കടമകൾ നിർവ്വഹിച്ചും സഹോദര്യത്തിലും സ്നേഹത്തിലും സഹജീവികളോട് പെരുമാറിയും പെരുന്നാൾ ദിനത്തെ സമ്പന്നമാക്കാൻ നമുക്കാവണം.

ഒരു സത്യവിശ്വാസിക്കുണ്ടാകുന്ന വ്യത്യസ്‌ത പെരുന്നാളുകളെ സംബന്ധിച്ച് അനസ്( റ ) പറയുന്നത് ഈ റമളാനിൽ നമുക്ക് പുത്തനുണർവ്വേകുമെന്ന് പ്രതീക്ഷിക്കുന്നു. റമളാൻ നൽകിയ ആത്മ ചൈതന്യത്തിൻ്റെ പ്രകാശകിരണങ്ങൾ കെടാതെ സൂക്ഷിക്കാൻ അനസ്( റ ) വിൻ്റെ ഈ വിശദീകരണം നമുക്ക് പ്രചോദനമാകും.

മഹാനായ അനസ്( റ ) പറയുന്നു: ഒരു മുഅ്മിനിന്ന് അഞ്ച് പെരുന്നാളുകൾ ഉണ്ട്. ഒന്ന്: ഒരു ദോഷവും അവൻ്റെ മേൽ എഴുതപ്പെടാത്ത ദിനം അവന്ന് പെരുന്നാളാണ്.

രണ്ട്: ശൈത്വാൻ്റെ വഞ്ചനയിൽ നിന്നും രക്ഷപ്പെട്ട് ഈമാനിലും പരിശുദ്ധ ശഹാദത്തിലുമായി ഒരാൾക്ക് മരണം വരിക്കാനായാൽ അന്നവന്ന് പെരുന്നാളാണ്.

മൂന്ന്: ഖിയാമത്ത് നാളിൻ്റെ ഭീകരതയിൽ നിന്നും ശിക്ഷയുടെ മലക്കുകളിൽ നിന്നും രക്ഷപ്പെടുകയും സ്വിറാത്ത്പാലം വിട്ടുകടക്കുകയും ചെയ്യുന്ന ദിനം മുഅ്മിനിന്ന് പെരുന്നാളാണ്.

നാല്: നരകത്തിൽ നിന്ന് രക്ഷപ്പെട്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ദിനം മുഅ്മിനിൻ്റെ പെരുന്നാളാണ്. അഞ്ച്: അല്ലാഹുവിൻ്റെ തിരു ദർശനത്തിൻ ഭാഗ്യം ലഭിക്കുന്ന ദിനം അവന്ന് പെരുന്നാളാണ്.

ഈ മഹത്തായ അനുഗ്രഹങ്ങളിലേക്ക് വഴിനടത്തുന്നതാകണം നമ്മുടെ പെരുന്നാളാഘോഷം.

This div height required for enabling the sticky sidebar